കാനഡയിലെ വാഹന നിർമ്മാണ മേഖലയിലെ തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നതിനായി ഇലക്ട്രിക് വാഹന വിൽപനയുമായി ബന്ധപ്പെട്ട കർശന നിബന്ധനകൾ ഒഴിവാക്കണമെന്ന് ഒൻാരിയോ പ്രീമിയർ ഡഗ് ഫോർഡ്. ക്യൂബെക്ക്, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രവിശ്യകൾ നടപ്പിലാക്കുന്ന ഇത്തരം നയങ്ങൾ കാനഡയുടെ സാമ്പത്തിക മത്സരക്ഷമതയെ ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇലക്ട്രിക് വാഹനങ്ങൾ നിർബന്ധമാക്കുന്ന നിയമങ്ങൾ കാനഡയിലെ ഓട്ടോമൊബൈൽ മേഖലയിലെ നിക്ഷേപങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് മാറാൻ കാരണമാകുമെന്നാണ് ഫോർഡിൻ്റെ നിലപാട്. ഇത്തരം കർശനമായ നിയമങ്ങൾ നിലനിൽക്കുന്നത് കാനഡയെ നിക്ഷേപ സൗഹൃദമല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2035-ഓടെ വിൽക്കുന്ന എല്ലാ പുതിയ വാഹനങ്ങളും ഇലക്ട്രിക് ആയിരിക്കണം എന്ന ലക്ഷ്യത്തോടെയാണ് ക്യൂബെക്കും ബ്രിട്ടീഷ് കൊളംബിയയും നീങ്ങുന്നത്. എന്നാൽ, ഈ സമീപനം രാജ്യത്തിൻ്റെ പൊതുവായ സാമ്പത്തിക തന്ത്രത്തിന് യോജിച്ചതല്ലെന്ന് ഫോർഡ് വാദിക്കുന്നു. എല്ലാ പ്രവിശ്യകളും ഫെഡറൽ സർക്കാരിൻ്റെ ദേശീയ പദ്ധതിയുമായി ചേർന്നു നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വ്യത്യസ്ത പ്രവിശ്യകളിൽ വ്യത്യസ്ത നിയമങ്ങൾ വരുന്നത് വാഹന നിർമ്മാതാക്കളെ ആശയക്കുഴപ്പത്തിലാക്കുമെന്നും കാനഡയിലെ നിക്ഷേപങ്ങളിൽ നിന്ന് അവർ പിന്മാറാൻ ഇത് കാരണമാകുമെന്നും അദ്ദേഹം ഭയപ്പെടുന്നു. ഒൻ്റാരിയോയിൽ ഇത്തരം നിബന്ധനകൾ ഏർപ്പെടുത്തില്ലെന്ന് പ്രീമിയർ വ്യക്തമാക്കി. പകരം, വാഹന നിർമ്മാണ മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലാണ് ഒൻ്റാരിയോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒൻ്റാരിയോയിൽ നിർമ്മാണം ആരംഭിച്ച പുതിയ ബാറ്ററി പ്ലാൻ്റുകളും ഇലക്ട്രിക് വാഹന ഫാക്ടറികളും ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിബന്ധനകൾ ഇല്ലാതെ തന്നെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ഒൻ്റാരിയോ തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.
.